
വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്കുന്നതിനാവശ്യമായ അധിക ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട് പി.എം.എ.വൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചു. പൊതുമേഖലാസ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ബോണസ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കയറ്റുമതി- ഇറക്കുമതി ചരക്ക് നീക്കത്തിന് 2026 ഓഗസ്്റ്റ് 18 ന് തുടക്കം കുറിക്കുകയാണ്. ഇതുവരെ നടന്നിരുന്നത് ട്രാന്‍സ് ഷിപ്പ്മെന്റ് മാത്രമാണ്. ഇതില്‍ 60 ശതമാനം കണ്ടയ്നറുകളും മറ്റു രാജ്യങ്ങളുടെയായിരുന്നു. തുറമുഖത്തിന്റെ നേരിട്ടുള്ള ഗുണഫലങ്ങള്‍ നമ്മുടെ നാടിനു ലഭ്യമാക്കുന്ന ആദ്യത്തെ പ്രധാന ചുവടുവയ്പാണ് ഈ എക്സിം ചരക്കുനീക്കം. കസ്റ്റംസ്് കമ്മീഷണറേറ്റ് ആവശ്യമായ പബ്ലിക് നോട്ടിസെല്ലാം പുറപ്പെടുവിച്ചു കഴിഞ്ഞു. എന്‍.എച്ച്.എയുടെ നിര്‍ദ്ദേശ പ്രകാരം തുറമുഖ റോഡില്‍ നിന്നും എന്‍.എച്ച് 66 ലേയ്ക്ക് താല്‍ക്കാലിക റോഡ് സംവിധാനം പൂര്‍ത്തിയാക്കി. നിലവില്‍ തിരുവനന്തപുരത്ത് സി.എഫ്.എസ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ തുറമുഖത്തിനുള്ളില്‍ തന്നെ കസ്റ്റംസ് ബോണ്ടഡ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.
ലോക്സഭയില്‍ പാസാക്കിയ ഖനനനിയമ ഭേദഗതി മൂലം സംസ്ഥാനത്തിനു ഭൂമിയിന്മേലുള്ള അധികാരവും അവകാശവും കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയിലേയ്ക്ക് മാറ്റപ്പെടുന്ന സ്ഥിതിയാണ്. ദ മൈന്‍സ് ആന്റ് മിനറല്‍സ് ഡവലപ്പ്മെന്റ് ആന്ഡ്് റഗുലേഷന്‍സ് അമന്റ്മെന്റ് ബില്‍ 2026 സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ്. ഖനന നിയമഭേദഗതിയുടെ പേരില്‍ സ്്റ്റേറ്റ് ലിസ്റ്റില്‍ 18 -ാം ഇനമായി വരുന്ന ഭൂമിയുടെ അധികരവും അവകാശവും കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ കൊണ്ടുവരുന്നതിനുള്ള നീക്കമാണ്. നാളിതുവരെ ഖനനപാട്ടം നല്‍കുന്നതിനും അതിനായി സംസ്ഥാന സര്‍ക്കാരിനു റോയല്‍റ്റി ഇതര ഫീസുകള്‍ നിര്‍ണയിക്കുന്നതിനുള്ള അധികാരമുണ്ട്. ഭൂമി പൂര്‍ണ്ണമായും ഭരണഘടനയിലെ സ്റ്റേറ്റ് ലിസ്റ്റില്‍ ഷെഡ്യൂള്‍ 18 ല്‍ ഉള്‍പ്പെടുന്നതാണ്. ഭൂമി സംബന്ധിച്ച പൂര്‍ണ്ണമായ നിയമ നിര്‍മാണ അധികാരം സംസ്ഥാനത്തിന്റെ അധികാരപരിധിയിലാണ്്. ഫെഡറല്‍ വ്യവസ്ഥിതിക്ക് വിരുദ്ധമായ നിയമ ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ മുതിരുന്നത്. ഇത് കേരളത്തിനെയും വളരെ ഗൗരവമായി ബാധിക്കും. തീരദേശവും വനവും പോലും ഒഴിവാക്കാതെയാണ് മിനറല്‍ ബെയറിങ് ലാന്‍ഡ് എന്ന നിര്‍വചനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ കടന്നുകയറാനുള്ള ഭേദഗതി കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. അതിനെ അതിശക്തമായി എതിര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കും.
രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവഹാനിയുണ്ടായ രാജേഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. വീടിന്റെ പണി ആദ്യം പൂര്‍ത്തിയാക്കും. നല്കാനാവുന്ന എല്ലാ നഷ്ടപരിഹാരങ്ങളും നല്‍കും. ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണ്ണമായ തീരുമാനമുണ്ടാകും. ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കും. ഒന്നിലും കുറവുണ്ടാകില്ല.
കടലില്‍ കാണാതാവുന്നവരെ രക്ഷിക്കാന്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ (എസ്.ഒ.പി) ആവശ്യമാണ്. ഇപ്പോഴുള്ളത് പര്യാപ്തമല്ല. ഇന്നത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് കൂടുതല്‍ ഫലപപ്രദമായ എസ്.ഒ.പി വളരെ പെട്ടെന്നുതന്നെ തയാറാക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. വിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്.ഒ.പി തയാറാക്കുക.
മുതലപൊഴിയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകും. ഇതു സംബന്ധിച്ച് ആദ്യ യോഗം ചേര്‍ന്നു. അടുത്തയോഗം അടുത്തയാഴ്ച ചേരും. താല്ക്കാലികമായ ചെയ്യേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതുമായ കാര്യങ്ങളെപ്പറ്റി യോഗത്തില്‍ തീരുമാനമെടുക്കും.ഐഐടി അടക്കമുള്ള വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മുതലപൊഴിയില്‍ എണ്‍പതിലധികം ആളുകളാണ് ഇതിനോടകം മരിച്ചത്. അതൊരു അപകടമേഖലയാണ്. ഇനി അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
കെ.എ.എസ് നിയമനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഒഴിവുകള്‍ ഇല്ലാതെയാണ് കെ.എ.എസ് പരീക്ഷ പി.എസ്.സി നടത്തിയത്. എല്‍.പി.എസ്.ടി സമരത്തോട് സര്‍ക്കാര്‍ അനുഭാവത്തോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതു സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ക്ക് രണ്ട് മാസത്തെ സാവകാശം അവശ്യപ്പെട്ടതിനെത്തുടര്ന്ന് ഉദ്യോഗാര്‍ഥികള്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 500 ഒഴിവുകളുള്ള സമയത്താണ് പി.എസ്.സി എല്‍പിഎസ്ടി പരീക്ഷ നടത്തുന്നത്. 15000 പേരുടെ ലിസ്റ്റാണ് ഇതിലൂടെ തയ്യാറാക്കിയിരിക്കുന്നത്. 500 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ വിദ്യാര്‍ഥികളുടെ കുറവുമൂലം സംഭവിച്ച ഡിവിഷന് ഫാള്‍ മൂലം 1131 അധ്യാപകരുടെ ജോലി നഷ്ടമായി. അവരെ സംരക്ഷിക്കുന്നതിനൊപ്പം വേണം പുതിയ നിയമനങ്ങള്‍ കൂടി നടത്താന്‍. ഇല്ലാത്ത ഒഴിവുകളുടെ പേരില്‍ പരീക്ഷ നടത്തിയതുതന്നെ തെറ്റാണ്. അതിന്റെ ഉത്തരവാദിത്തം ഇപ്പോള്‍ ഈ സര്‍ക്കാരിന്റെ ചുമലിലായി. നേരത്തെ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആയിരുന്നു. പലകാലങ്ങളിലായി അതുകുറച്ചുകൊണ്ടു വന്നു. 1:35 ആയി ഇപ്പോള്‍ അത് 1: 30 ആയി. ആ അനുപാതം 1:20 ആക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. അതായത് 25 കുട്ടികള്‍ക്ക് ഒരു അധ്യാപകന്. സര്‍ക്കാര്‍ സ്കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ പ്രവണത വളരെ ദൃശ്യമായിത്തുടങ്ങി. അതിനു പല സാമൂഹിക കാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ സമയം എടുത്തുള്ള കൂടിയാലോചന ഇതിനാവശ്യമാണ്. മൂന്നുതവണ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. മുമ്പുള്ള സര്‍ക്കാരുകള്‍ അങ്ങനെ ചെയ്തിട്ടില്ല. വിദ്യാഭ്യാസമന്ത്രി മുന്‍കൈ എടുത്ത് ചര്‍ച്ചകള്‍ നടത്തി.
പി.എസ്.സിയില്‍ നടന്നിട്ടുള്ള ക്രമക്കേടുകളെപ്പറ്റി ഗൗരവതരമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. പുറത്തുപറയാന്‍ പേലും പറ്റാത്ത വിധമുള്ള വഴിവിട്ട കാര്യങ്ങളാണ് പി.എസ്.സിയില്‍ നടന്നിരിക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാനായത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതൊലൊന്നും വെളിപ്പെടുത്താന്‍ കഴിയില്ല.
മെസി വിവാദവുമായി ബന്ധപ്പെട്ട് കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതു ഗൗരവമായി പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കും. ഗുരുതരമായ ആരോപണങ്ങളാണ് അതിലുള്ളത്. അര്‍ജന്റീനിയന്‍ ഫുട്ബാള്‍ അസോസിയേഷനുമായി കരാര്‍ വയ്ക്കാന്‍ ഒരു സ്വകാര്യസ്ഥാപനത്തിനു അനുമതി കൊടുത്തതിന്റെ നടപടി ക്രമം എന്തായിരുന്നു. താല്‍പ്പര്യപത്രം ക്ഷണിച്ചിട്ടായിരുന്നോ അതു കൊടുത്തത്. വിപണി മൂല്യനിര്‍ണയമോ സാമ്പത്തികശേഷിയോ ഫണ്ടിന്റെ ഉറവിടമോ ഒന്നും പരിഗണിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും അറിഞ്ഞിട്ടില്ല. പരസ്പരവിരുദ്ധമായ പ്രസ്ഥാവനകള്‍ പലകോണില്‍ നിന്നുമായി വരുന്നുണ്ട്. ഒരു പാരാതി കിട്ടിയപ്പോള്‍ തന്നെ മുഖ്യമന്ത്രി ഏതോ സ്ഥാപനത്തെ പൂട്ടിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് ആരോപിക്കുന്നു. കിട്ടിയ റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. പ്രാഥമികമായ പരിശോധനയില്‍ ജിഎസ്ടിയില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ട്. ജിഎസ്ടി വെട്ടിപ്പ് നടന്നിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ആ വെട്ടിപ്പ് കണ്ടെത്തി നോട്ടീസ് കൊടുത്തതുമാണ്. പിന്നെ പിന്നീട് ആ അന്വേഷണം മരവിപ്പിക്കപ്പെട്ട സ്ഥിതിയാണ് പിന്നീടുള്ള ഏഴുമാസം ഉണ്ടായത്. അത്തരം കാര്യങ്ങല്‍ പരിശോധിച്ച് സര്‍ക്കാരിനു നഷ്ടപ്പെട്ടിട്ടുള്ള തുക ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പ്രാരംഭ നടപടിയിലുണ്ടായ അനാസ്ഥയെപ്പറ്റിയും ധനകാര്യവകുപ്പ് അന്വേഷണം നടത്തും. തട്ടിപ്പിന്റെ വ്യാപ്തിയെപ്പറ്റി വ്യക്തമായി മനസിലാക്കി അത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടത്ര ഗൗരവമുള്ളതായി തോന്നിയാല്‍ അതിനായുള്ള നടപടികള്‍. എഫ്സിആര്‍എ ആക്ടിന്റെ ലംഘനം നടന്നോ എന്നും അന്വേഷിക്കും.
മെറ്റ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ കേട്ടപ്പോള്‍ സ്വയം ഒരു വലിയ സംഭവമാണെന്നു പോലും തോന്നിപ്പോയി. ഞാന്‍ എഴുതിക്കൊടുക്കുന്നതൊക്കെ മെറ്റ നീക്കം ചെയ്യുകയെന്നു വച്ചാല്‍ വലിയ കാര്യമല്ലേ. ആകെ മെറ്റയ്ക്ക് കൊടുത്തിരിക്കുന്ന കത്ത് സി.എം.ഒ കേരള എന്ന ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ് ലഭ്യമാക്കിത്തരണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. നേരത്തെ ആ പേജ് ഉണ്ടായിരുന്നതാണ്. രണ്ടുമാസമായിട്ടുപോലും അത് ഇതുവരെ ശരിയാക്കി കിട്ടിയിട്ടില്ല. അങ്ങനെയുള്ള ഞാന്‍ പറഞ്ഞിട്ടാണ് മെറ്റ പല സമൂഹികമാധ്യമ ഉള്ളടക്കങ്ങളും നീക്കം ചെയ്യുന്നതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കൊള്ളാമോ. എന്റെ തന്നെ പല കണ്ടന്റുകളും മെറ്റയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളി മേഖലയിലെ വിഷയങ്ങളില്‍ ഇടപട്ടതിനെ പ്രശംസിച്ച് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് കൊല്ലം രൂപതയുടെ എഴുനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗം , മന്ത്രി ഷിബുബേബി ജോണും ഞാനും ചേര്‍ന്ന്് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ ,കെസിബിസി മുഖ്യമന്ത്രിയ്ക്ക് പരോക്ഷ പിന്തുണ രേഖപ്പെടുത്തി നടത്തിയ പ്രസ്താവന എന്നിവയൊക്കെ ചില ചാനലുകള്‍ കൊടുത്തത് മെറ്റയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മെറ്റ എന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ഞാനോ എന്റെ ഓഫീസോ പറഞ്ഞിട്ട് മെറ്റ ആരുടെയും കണ്ടന്റ് നീക്കം ചെയ്തിട്ടില്ല. അത്തരം സ്വാധീനം എനിക്കു മെറ്റയിലില്ല. തന്നിഷ്ടപ്രകാരം മെറ്റ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അതിനെതിരെ ശക്തമായി ഇടപെടണം. മാധ്യമങ്ങള്‍ നല്കുന്ന പരാതികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഞാന്‍ മനോരമ ന്യൂസിലെ ജോണിലൂക്കോസിനു നല്കിയ അഭിമുഖം പോലീസിനെ ഉപയോഗിച്ച് നീക്കം ചെയ്ത ചരിത്രമാണ് മുന്സര്ക്കാരിനുള്ളത്. അക്കൂട്ടരാണ് ഇപ്പോള്‍ എനിക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കുന്നത്. വീഡിയോ നീക്കം ചെയ്തതിന്റെ പേരില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി കൊടുത്തു. തുടര്‍ന്ന് അത് തെറ്റായ നടപടിയാണെന്ന് മനസിലാക്കി സാമൂഹികമാധ്യമത്തില്‍ ആ വീഡിയോ തിരികെ കൊണ്ടുവരുകയായിരുന്നു. പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെയും മറ്റും സാമൂഹിക മാധ്യമ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്ന പ്രവണ മെറ്റയില്‍ അടുത്തിടെയായി കാണുന്നുണ്ട്.
ലഹരി കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ നേരിട്ട് അറിയാം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് ഹുസൈന്. നവകേരള സദസുമായി ബന്ധപ്പെട്ട്് പെരുമ്പാവൂര്‍ കുറുപ്പംപടി എം.ജി.എം സ്കൂളിന്റെ മുന്നില്‍ വച്ച് ക്രൂരമായ ലാത്തിച്ചാര്‍ജില്‍ ഗുരുതരമായ പരുക്കേറ്റ് മുഹമ്മദ് ഹൂസൈന് ചികിത്സയില്‍ കഴിമ്പോഴാണ് ആദ്യമായി ഫോണിലൂടെ സംസാരിച്ചത്. ഫോണിലൂടെ ആശ്വസിപ്പിച്ച കൂട്ടത്തില്‍ എപ്പോഴെങ്കിലും വീട്ടില്‍ വരാം എന്നു വാക്കുംകൊടുത്തു. കുറെക്കാലത്തിനു ശേഷം വെങ്ങോല പഞ്ചായത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഹുസൈനെ വീട്ടില്‍ പോയി കണ്ടു. അതിന്റെ ചിത്രങ്ങളൊക്കെയുണ്ട്. അതിനുശേഷം മൂന്നോ നാലോ തവണ പലസ്ഥത്തുവച്ച് പരസ്പരം കണ്ടുമുട്ടിയിട്ടുമുണ്ട്. അപ്പോഴെല്ലാം പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയിലുള്ള താല്പര്യം കാണിച്ചിട്ടുണ്ട്. അന്നൊന്നും ആ നാട്ടിലെ പാര്‍ട്ടിക്കാര്‍ക്കോ നിവാസികള്‍ക്കോ ഇദ്ദേഹത്തിനു മയക്കുമരുന്നു ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നു. അറസ്റ്റ് ചെയ്തപ്പോഴാണ് എല്ലാവരും ആ വിവരം അറിയുന്നത്. എന്റെ സോഷ്യല്‍ മീഡിയ ടീമിലുണ്ടെന്ന ഹുസൈന് ഉണ്ടെന്ന ആരോപണം പൂര്‍ണ്ണമായി തെറ്റാണ്.പ്രതിപക്ഷ നോതാവായിരുന്നപ്പോഴും മുഖ്യമന്ത്രി ആയപ്പോഴും ഒരു സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററെയും ഒരു സ്ഥലത്തും വച്ചിട്ടില്ല.
Photo Courtesy - Google











